മൂത്രശങ്കയുണ്ടായാൽ പിന്നെ എന്ത് സ്വച്ഛഭാരത്; പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രാജസ്ഥാൻ മന്ത്രി വിവാദത്തിൽ

ജയ്പൂർ: ബി.ജെ.പി സർക്കാർ വെളിയിട മലമൂത്ര വിസർജനം ഒഴിവാക്കാനായി ലക്ഷക്കണക്കിന് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയെന്ന് കൊട്ടിഘോഷിക്കുന്നതിനിടെ രാജസ്ഥാനിലെ ബി ജെ പി മന്ത്രി സ്വന്തം മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയുടെ പോസ്റ്ററിനു സമീപം പൊതുസ്ഥലത്ത് മൂത്രശങ്ക തീർത്തത് വിവാദമാകുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികിൽ പരസ്യമായി മൂത്രമൊഴിച്ചത്. എന്നാൽ വസുന്ധരരാജെ സിന്ധ്യയുടെ പോസ്റ്ററിന് സമീപം മൂത്രമൊഴിച്ചതും പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ചതും തെറ്റല്ലെന്ന നിലപാടിലാണ് മന്ത്രി ശംഭുസിംഗ്.

അതേ സമയം മന്ത്രി മൂത്രമൊഴിക്കുന്നതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായതോടെ ബി ജെ പി വേദിക്ക് സമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതൽ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാൻ കിലോമീറ്ററുകൾ പോകാൻ കഴിയില്ലായിരുന്നുവെന്നുമാണ് ശംഭു സിംഗിന്റെ വാദം. മൂത്രമൊഴിച്ച സ്ഥലത്തിന് സമീപം മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്ററുമണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളല്ലെന്നും ശംഭുസിംഗ് അവകാശപ്പെട്ടു.

എന്നാൽ ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നും പണ്ട് മുതലേ ഇങ്ങനെയൊക്കെയല്ലേ എന്നും അതിനിപ്പം എന്താണ് ഇത്ര തെറ്റെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പൊതുസ്ഥലത്തെ മലമൂത്ര വിസർജനം രോഗങ്ങൾ പടരാനിടയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ഇവിടെ ബാധകമല്ലെന്നും ശംഭുസിംഗ് പറയുന്നു. താൻ മൂത്രമൊഴിച്ചത് വിജനമായ സ്ഥലത്താണെന്നും ഇത് രോഗം പടർത്തില്ലെന്നും മന്ത്രി അവകാശപ്പെട്ടു.