ബാലഭാസ്‌കറിന് പ്രണാമം അർപ്പിച്ച് പ്രവാസ ലോകം; ആദരാഞ്ജലിയുമായി അറ്റ്‌ലസ് രാമചന്ദ്രനും

ദുബായ്: വേർപാടിന്റെ ദു:ഖം തളം കെട്ടി നിന്ന അന്തരീക്ഷത്തിൽ യു.എ.ഇ യിലെ കലാ-സൗഹൃദ കൂട്ടായ്മ സംഗീത പ്രതിഭ ബാലഭാസ്‌കറിനെ അനുസ്മരിച്ചത് പ്രവാസ ലോകത്ത് നോവിന്റെ വേറിട്ടൊരു അനുഭവമായി. ഭാഷാ ഭേദമന്യേ കലാലോകം ഒന്നടങ്കം നെഞ്ചേറ്റിയ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന് പ്രണാമം അർപ്പിക്കാൻ നൂറു കണക്കിന് പ്രവാസി മലയാളികൾ ദുബായിൽ ഒത്തു ചേർന്നപ്പോൾ ബാഷ്പാഞ്ജലിയുമായി കലാകാരനും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രൻ പൊതു വേദിയിലെത്തിയത് ശ്രദ്ധേയമായി. UAE യിൽ അവിചാരിതമായി അനുഭവിക്കേണ്ടി വന്ന മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം ഇത് ആദ്യമായാണ് ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നത്. ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തിലും ചടങ്ങിൽ പങ്കെടുത്തവർക്ക് ആശ്വാസവും ഊർജവും പകരുന്നതായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ സാന്നിധ്യം.പ്രിയ കലാകാരനും സുഹൃത്തുമായ ബാലഭാസ്‌ക്കറിനെ അനുസ്മരിക്കുമ്പോൾ അറ്റ്‌ലസ് രാമചന്ദ്രനടക്കം പലരും വാക്കുകൾ കിട്ടാതെ വിതുമ്പി.

മലയാളികളുടെ മനം കവർന്ന അനുഗ്രഹീത കലാകാരൻ അകാലത്തിൽ വിട പറഞ്ഞതിന്റെ നടുക്കത്തിൽ നിന്ന് സംഗീത ലോകവും പ്രവാസി മലയാളികളും മോചിതരായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ബാലഭാസ്‌കർ അനുസ്മരണ ചടങ്ങ്. അഡ്വക്കേറ്റ് ഹാഷിക്ക് തൈക്കണ്ടിയുടെ അധ്യക്ഷതയിൽ ദുബായി പാരമൺ റസ്റ്റോറന്റിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി ജോൺസൻ, നിസാർ സയ്ദ്, ലെൻസ്മാൻ ഷൌക്കത്ത് , രേഖജെന്നി, ടി.എ.ബൈജു, എൽവിസ് ചുമ്മാർ ,വി.ആർ.മായിൻ , മച്ചിങ്ങൽ രാധാകൃഷ്ണൻ , എം.സി.എ നാസർ , മാത്തുക്കുട്ടി , എൻ.പി രാമചന്ദ്രൻ , ഇ.കെ ദിനേശ്, ലാൽ രാജൻ,ബഷീർ തിക്കോടി തുടങ്ങിയവർ ബാലഭാസ്‌കറിനെ അനുസ്മരിച്ച് സംസാരിച്ചു.

വയലിനിൽ മാസ്മരികത തീർത്ത് ബാലഭാസ്‌കർ നടത്തിയ സംഗീത പരിപാടികളെ അടയാളപ്പെടുത്തി, വയലിനും തബലയും കോർത്തിണക്കിയ സംഗീതാഞ്ജലി അർപിച്ചാണ് പ്രിയ കലാകാരനോട് വേദിയും തിങ്ങി നിറഞ്ഞ സദസും ആദരവ് അറിയിച്ചത്. എല്ലാവർക്കും പ്രിയപ്പെട്ട കലാകാരൻ എന്നതിലുപരി ജീവിത യാത്രയിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വം കൂടിയായിരുന്നു ബാലഭാസ്‌കർ എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ദുബായിലെ അനുസ്മരണ ചടങ്ങ്. വി.സ് .ബിജുകുമാർ, ആദിൽ സാദിഖ്, വി.എ. നാസർ , അനൂപ് അനിൽ ദേവൻ, മുമൈജ് മൊയ്ദു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.