സമനില പിടിച്ച് ജംഷഡ്പുർ

ബംഗളൂരു: ഐ.എസ്.എൽ അഞ്ചാം സീസണിൽ ബംഗളൂരുവിനെതിരെ സമനില നേടി ജംഷഡ്പുർ. ഇഞ്ചുറി ടൈമിൻറെ നാലാം മിനുറ്റിൽ പിറന്ന അസാധ്യ ഗോളാണ് ജംഷഡ്പുറിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. മികച്ച കളി പുറത്തെടുത്ത ഇരു ടീമുകളും റണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുഞ്ഞു. പരസ്പരം ശക്തമായി പ്രതിരോധം തീർത്ത മത്സരത്തിന്റെ 45ാം മിനുറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. നിഷു കുമാറിന്റെ ബൂട്ടുകളിൽ പിറന്ന ഗോളിൽ ബംഗളൂരു എഫ്.സി 1-0 ന് മുന്നിലായി. എന്നാൽ 81ാം മിനുറ്റിൽ ഗൗരവ് മുഖിയിലൂടെ ജംഷഡ്പുർ തിരിച്ചടിച്ചു. അതോടെ ബംഗളൂരു കൂടുതൽ കരുതലോടെ പന്തു തട്ടിത്തുടങ്ങി. 88ാം മിനുറ്റിൽ സുനിൽ ചേത്രിയുടെ അപ്രതീക്ഷിത ഗോളിൽ ബംഗളൂരു വീണ്ടും മുന്നിലായി. മത്സരത്തിന്റെ അവസാന മിനുറ്റ് കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോളേക്കും ബംഗളൂരു വിജയമുറപ്പിച്ചിരുന്നു. എന്നാൽ അധിക ടൈമിലെ 94ാം മിനുറ്റിൽ ജംഷഡ്പുറിന്റെ സെർജ്യോ സിഡോൻചയുടെ ഗോളിലൂടെ ബംഗളൂരുവിനെ സമനിലയിൽ തളയ്ക്കുകയായിരുന്നു.