അബുദാബിയില്‍ അനധികൃത താമസത്തിന് കർശന നിയന്ത്രണം

അബുദാബി: വില്ലകളിലെ മുറികള്‍ ഭാഗിച്ച് വിവിധ ഫാമിലികള്‍ക്കും ബാച്ച്ലര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുകയും നിയമ വിരുദ്ധമായി കെട്ടിട ഉടമകള്‍ വാടക കരാറുകള്‍ റജിസ്റ്റര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നത് അബുദാബി മുനിസിപ്പാലിറ്റി നിര്‍ത്തലാക്കി. വിവധ പാര്‍പ്പിടങ്ങളില്‍ അനാരോഗ്യകരമായ രീതിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതായി അടുത്തിടെ പബ്ളിക് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊതുജനാരോഗ്യത്തിനു ഭീഷണിയാവുംവിധം നിയമ വിരുദ്ധമായ താമസരീതി പല വില്ലകളിലും കണ്ടെത്തിയത്. അബുദാബി മുനിസിപ്പാലിറ്റിയുടെ പാര്‍പ്പിട നിയമവും ചട്ടങ്ങളും ലംഘിച്ചുള്ള ഇത്തരം താമസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള പരിശോധനകള്‍ നടന്നുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങളായി നിയമ വിരുദ്ധ പാര്‍പ്പിടങ്ങള്‍ക്കെതിരെ മുനിസിപ്പാലിറ്റി കര്‍ശന നടപടി സ്വീകരിച്ചു വരികയാണ്. മുറികള്‍ ഭാഗിച്ചുള്ള വില്ലകളില്‍ വാടകക്കു താമസിക്കുന്നവരുടെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ല. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ പാര്‍പ്പിട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം അബുദാബി എമിറേറ്റില്‍ എല്ലാവരും താമസിക്കേണ്ടതെന്നും ജനങ്ങളുടെ സുരക്ഷയും പൊതുജനാരോഗ്യവും നിലനിര്‍ത്താനുള്ള ലക്ഷ്യത്തോട് എല്ലാവരും സഹകരിക്കണമെന്നും അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അഭ്യര്‍ഥിച്ചു.