ഇടുക്കി മലപ്പുറം ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു.

തിരുവനന്തപുരം: ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന മുന്നറിയിപ്പിനെ ത്തുടർന്നായിരുന്നു ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ആറു ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ മൂന്ന് ദിവസം വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

അതേസമയം ജലനിരപ്പുയർന്നതിനെത്തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടറാണ് തുറന്നത്. സെക്കൻറിൽ 50 ഘന മീറ്റർ വെള്ളം ഒഴുക്കി വിടുന്നത്. മഴ കനക്കുമെന്ന് മുന്നറിയിപ്പിനെ തുടർന്നാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നത്.