ദിലിപിനെതിരെ നടപടി: നടിമാർ വീണ്ടും അമ്മയ്ക്ക് കത്ത് നൽകി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച്ചയ്ക്കകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാർവ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവർ അമ്മയ്ക്ക് കത്ത് നൽകി. അമ്മയുടെ ഭാരവാഹിയോഗം ഇന്ന് ചേരാനിരിക്കേയാണ് നടിമാർ അമ്മ ഭാരവാഹികൾക്ക് കത്ത് നൽകിയിരിക്കുന്നത്. ഇതു മൂന്നാം തവണയാണ് നടിമാർ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമ്മയ്ക്ക് കത്ത് നൽകുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം തെളിയുന്ന വരെ ദിലീപിനെ താരസംഘടനയിൽ നിന്നും മാറ്റി നിർത്തണമെന്നാണ് നടിമാരുടെ ആവശ്യം. ആഗസ്റ്റിൽ കൊച്ചിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.ചൊവ്വാഴ്ച്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം വേണമെന്നും അല്ലാത്തപക്ഷം പരസ്യപ്രതിഷേധത്തിലേക്കും തങ്ങൾ പോകുമെന്ന സൂചനയാണ് നടിമാർ നൽകുന്നത്. ദിലീപ് സംഘടനയിൽ നിന്നും സ്വയം പുറത്തു പോയ സ്ഥിതിക്ക് ഇനിയൊരു പുറത്താക്കല്ലിൻറെ ആവശ്യമില്ലെന്നാണ് അമ്മ ഭാരവാഹികളുടെ വാദം.