പത്താം ക്ലാസ് വിദ്യാർത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യക്കൊപ്പം കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ചേർത്തല: പത്താം ക്ലാസ് വിദ്യാർത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളം ജില്ലയിൽ ഇവർ ഉള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവതിയുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വെള്ളിയാഴ്ചയെത്തിയ ഇവർ പലരോടും പണം കടം ചോദിച്ചതായി പോലീസിന് വിവരം ലഭിച്ചു. എറണാകുളത്തെ ഇവരുടെ അകന്ന ബന്ധുക്കളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.

പണത്തിന്‍റെ കുറവുള്ളതിനാൽ കൂടുതൽ ദിവസം ഒളിവിൽ കഴിയാനാകില്ലെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.  കഴിഞ്ഞ ദിവസം യുവതി കലൂരിൽ പത്താംതരം തുല്യതാ കോഴ്സിന് പഠിക്കുന്ന സ്ഥാപനത്തിലെത്തി ആധാർ കാർഡ് തിരികെ വാങ്ങിയതായി വിവരം ലഭിച്ചിരുന്നു.  കാണാതായതിന് ശേഷം ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. അതിനാൽ ടവർ ലോക്കേഷൻ നോക്കിയുള്ള അന്വേഷണം വഴിമുട്ടി. ചേർത്തല മായിത്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയേയും കടവന്ത്ര സ്വദേശിയായ യുവതിയേയും കഴിഞ്ഞ 2 മുതലാണ് കാണാതായത്.