ഗള്‍ഫിലെ മലയാളി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം എംഎ യൂസഫലിക്ക്

ദുബായ്: ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിക്ക്. ആര്‍പി ഗ്രൂപ്പ് ഉടമ ബി. രവിപിള്ളയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കിക്ക്. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. രവിപിള്ളയ്ക്ക് 28,766 കോടിയും. സണ്ണി വര്‍ക്കിക്ക് 18,808 കോടി രൂപയുടെ ആസ്തിയാണുള്ളത്.

ഗള്‍ഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത് (32,241 കോടി). രവിപിള്ളയ്ക്കാണ് മൂന്നാം സ്ഥാനം. എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഉടമ ബി.ആര്‍ ഷെട്ടിയാണ് (27,281കോടി) നാലാംസ്ഥാനത്ത്. സമ്പന്ന ഇന്ത്യക്കാരില്‍ ഒന്നാമന്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി (3,48,800 കോടി). രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി).

സമ്പന്നരായ മലയാളികളില്‍ ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് നാലാം സ്ഥാനത്ത് (15,047കോടി). അഞ്ചാമത് മുത്തൂറ്റ് എം.ജി. ജോര്‍ജ്(14,383 കോടി). വി.പിഎസ് ഹെല്‍ത്ത് കെയര്‍ ഉടമയും യൂസഫലിയുടെ മരുമകനുമായ ഷംസീര്‍ വയലിനാണ് ആറാം സ്ഥാനം (11,359 കോടി).