സാലറി ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടിയിൽ നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. സംഭാവന നൽകാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് എന്തിനെന്ന്‌
കോടതി ചോദിച്ചു. പേര് പരസ്യമാക്കുന്നത് ഉദ്യോഗസ്ഥർക്കിടയിലെ ഐക്യം തകർക്കും. സർക്കാർ രഹസ്യ സർക്കുലർ ഇറക്കിയ നടപടി തെറ്റാണ്‌. സർക്കാർ ഉദ്യോഗസ്ഥരിലെ ദുരിതബാധിതരുടെ ലിസ്റ്റ് സർക്കാരിന്റെ കൈവശമുണ്ടോയെന്നും കോടതി ചോദിച്ചു.

1.15 ലക്ഷം സർക്കാർ ജീവനക്കാരാണ്‌ പദ്ധതിയിൽ പങ്കെടുക്കാതെ വിസമ്മതപത്രം നൽകിയത്. ഗസറ്റഡ്, നോൺ ഗസറ്റഡ് വിഭാഗത്തിലുള്ള സർക്കാർ ജീവനക്കാരിൽ 79 ശതമാനം പേർ ഒരു മാസത്തെ ശമ്പളം നൽകി. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 85.64 ശതമാനം പേരും സാലറി ചലഞ്ചിൽ പങ്കെടുത്തു. എയ്ഡഡ് കോളജുകളിലെ ജീവനക്കാരിൽ 82.17 ശതമാനം പേർ വിസമ്മതപത്രം നൽകിയെന്നു ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ. മദൻകുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കുന്നെന്നും സാലറി ചലഞ്ച് തടയണമെന്നും ആവശ്യപ്പെട്ട് എൻജിഒ സംഘ് നൽകിയ ഹർജിയിലാണ് സർക്കാരിൻറെ വിശദീകരണം.