ഐ.എസ്.എൽ: ജംഷഡ്പുരിന് വിജയത്തുടക്കം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ ജംഷഡ്പുർ എഫ്‌സിക്ക് വിജയത്തോടെ തുടക്കം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുർ എഫ്‌സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. 28ാം മിനുറ്റിൽ മരിയോ ആർക്വെസും 90ാം മിനുറ്റിൽ പാബ്ലോ മോർഗാഡോയുമാണ് ജംഷഡ്പുരിന് വേണ്ടി ഗോളുകൾ പായിച്ചത്. തുടക്കത്തതിലെ തന്നെ മികച്ച ഫോമിലായിരുന്നു ജംഷഡ്പുരിന്റെ പടയാളികൾ. 22ാം മിനിറ്റിൽ പൗളോ മച്ചെഡോയുടെ കോർണറിൽ ലൂസിയൻ ഗോയെന്റെ ഹെഡർ വഴി മുംബൈയ്ക്ക് ഗോൾ നേടാനുള്ള അവസരം പാഴായി. അതിനിടെയിൽ ആർക്വെസിന്റെ മികച്ച ഹെഡറിലൂടെ ജംഷഡ്പുരിനെ 1-0 ന് മുന്നിലാക്കി.

രണ്ടാം പകുതിയിലും ഗോളടിക്കാനുള്ള അവസരം നഷ്ടമാക്കിയതോടെ മുംബൈ പരുങ്ങലിലായി. മൽസരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ തകർപ്പൻ കൗണ്ടർ അറ്റാക്കിലൂടെ ജംഷഡ്പുരിന്റെ മോർഗാഡോയും വല കുലുക്കി.അതോടെ എതിരില്ലാത്ത രണ്ട് മികച്ച ഗോളുകളിലൂടെ ജംഷഡ്പുർ വിജയമുറപ്പിക്കുകയായിരുന്നു.