പൊതുമാപ്പ് അവസാനിക്കാൻ 28 ദിവസങ്ങൾ കൂടി; ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ നയതന്ത്ര കേന്ദ്രം

ദുബായ്: പൊതുമാപ്പ് അവസാനിക്കാൻ 28 നാളുകൾ മാത്രം ബാക്കി നിൽക്കേ യു.എ.ഇയിലെ പൊതുമാപ്പിനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താൻ അനധികൃത താമസക്കാരോട് ഇന്ത്യൻ
നയതന്ത്ര കേന്ദ്രം നിർദ്ദേശം നൽകി. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ മാറി നിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ആയിരത്തോളം ആളുകൾക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പൊതുമാപ്പ് ആനുകൂല്യം ആ മാസം 31ന് അവസാനിക്കും. കാലാവധി കഴിയും മുമ്പ് പരമാവധി പേരെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവക്കു ചുവടെ സന്നദ്ധ പ്രവർത്തകർ നടപടി ഊർജിതമാക്കുന്നത്. അതേ സമയം അനധികൃതമായി താമസിക്കുന്നവർ എത്രയും വേഗം രാജ്യം വിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി മുന്നറിയിപ്പ് നൽകി.

പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താതെ കഴിയുന്നവർക്കെതിരെ പിഴയും തടവുമുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘകരെ ജോലിക്കു വെക്കുന്ന കമ്പനികൾക്കും കനത്ത പിഴ ഈടാക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പിൽ ഇപ്പോഴത്തെ തിരക്കു കണക്കിലെടുത്തു പൊതുമാപ്പു കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.