ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കെ സുധാകരൻ

കണ്ണൂര്‍: ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ.  ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്. അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ലന്നും കെ സുധാകരൻ കണ്ണൂരിൽ  പറഞ്ഞു.

അവിശ്വാസികളുടെ ഭരണത്തിൽ കേരളത്തിൽ ഒരു ദുരന്തമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ബിജെപി നിലപാട് മാറ്റിയതു ജനവികാരം കണ്ടിട്ടാണ്. സന്ദർഭം കിട്ടിയപ്പോൾ അവർ മുതലെടുക്കുകയാണ്. അവസരവാദികൾക്കു മുതലെടുപ്പിനുള്ള അവസരം നൽകണോ എന്നു സർക്കാർ ആലോചിക്കണമെന്നും കെ സുധാകരൻ  പറഞ്ഞു.

ട്രക്കിങ് താൽപര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവർ പോകുമായിരിക്കും. മതത്തിന്റെ കാര്യങ്ങൾ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതിൽ എന്തുകാര്യം? മുത്തലാഖിന്റെ കാര്യത്തിലും ഇതാണ് അഭിപ്രായം. ഇതെല്ലാം തന്റെ അഭിപ്രായമാണ്. പാർട്ടിയുടെ അഭിപ്രായം പാർട്ടിയിൽ ചർച്ച നടത്തിയശേഷം പറയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.