ബ്രൂവറി വിവാദം: എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും ശുപാർശയെ തള്ളിക്കളഞ്ഞ എക്‌സൈസ് വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയിൽ കേരളത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു.

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ 2018 ഡെപ്യൂട്ടി സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും ശുപാർശയെ നിരാകരിച്ച് ഫയലിൽ കുറിച്ചത് ശ്രീചക്ര ഡിസ്ലറിക്ക് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൻറെ നിർമ്മാണത്തിന് കോംപൗണ്ടിങ്ങ് ആൻറ് ബ്ലൻറിംഗ് ബോട്ടിലിങ്ങിന് അനുമതി നൽകാണമെന്നാണ്. ഏഴുമാസത്തോളം ഫയൽ എക്‌സൈസ് മന്ത്രിയുടെ ഒഫീസിൽ സൂക്ഷിച്ചു. അതിന് ശേഷം ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി സമർപ്പിക്കുകയായിരുന്നു. ഫയൽ വൈകിപ്പിച്ചത് അഴിമതി നടത്താനാണെന്നും ചെന്നിത്തല ആരോപിച്ചു.

ക്യാബിനറ്റ് തീരുമാനപ്രകാരം പുതിയ ഡിസ്ലറികൾ അനുവദിക്കില്ല എന്ന ഫയൽ ആറ് മാസക്കാലം മുഖ്യമന്ത്രിയുടെ മുറിയിൽ പൂഴ്ത്തിവെച്ചത് ഡീൽ ഉറപ്പിക്കാൻ വേണ്ടിയാണ്‌. താൻ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെങ്കിൽ എക്‌സൈസ് വകുപ്പ് മന്ത്രി ഇത് നിഷേധിക്കണം. ഇല്ലെങ്കിൽ മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.