രഞ്ജൻ ഗൊഗോയ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ഡെൽഹി: സുപ്രീംകോടതിയിലെ 46 – മത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജൻ ഗെഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അയോധ്യ, ആസം കേസുകളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനങ്ങൾ നിർണ്ണായകമാകും. ഇന്ന് ഉച്ചക്ക് 12 മണിക്ക്് ചീഫ്് ജസ്റ്റിസായി രഞ്ജൻ ഗൊഗോയി ആദ്യ കേസ് പരിഗണിച്ചു.

പന്ത്രണ്ടു മണിക്ക് സുപ്രീം കോടതിയിലെ ഒന്നാം നമ്പർ കോടതിയിൽ പുതിയ ചീഫ് ജസ്റ്റിസ് എത്തി. ജസ്റ്റിസുമാരായ എസ്‌കെ കൗൾ, കെഎം ജോസഫ് എന്നിവർക്കൊപ്പമിരുന്നാണ് ആദ്യ കേസ് കേട്ടത്. അടുത്ത വർഷം നവംബർ പതിനേഴ് വരെ രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരും. അയോധ്യാ കേസിൽ പുതിയ ബഞ്ച് രൂപീകരിക്കുക എന്നതാണ് ജസ്റ്റിസ് ഗൊഗോയിയുടെ ആദ്യ ചുമതലകളിലൊന്ന്. മുൻ അസം മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. മകൻ റക്തിം ഗൊഗോയ് അഭിഭാഷകനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രഞ്ജൻ ഗൊഗോയ്.