ദുബായിൽ ഇ-പൊലിസ് സേവനം ഇനി സ്മാർട്ട് ഫോണിലും

ദുബായ്: യു.എ.ഇ യിൽ ഇനി മുതൽ ഇ-പോലീസ് സേവനങ്ങൾ സ്മാർട്ട് ഫോൺ വഴി ലഭ്യമാകും. ‘പോലീസ് സ്റ്റേഷൻ മോഡ്’ എന്ന ഇ-സേവനത്തിന് ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച തുടക്കമിട്ടു. ജനങ്ങൾക്ക്് പൊലീസുമായുള്ള ബന്ധം സുഗമമാക്കുന്നതിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനുള്ള യു.എ.ഇ. വിഷൻ 2021-ന്റെയും ഭാഗമായാണ് ഇത്തരമൊരു സൗകര്യം വികസിപ്പിച്ചതെന്ന് ദുബായ് പോലീസ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ദഹി ഖൽഫാൻ തമീം പറഞ്ഞു.ഇനി മുതൽ ആളുകൾക്ക് സ്മാർട്ട് ഫോൺ വഴി പൊലിസുമായി ബന്ധപ്പെടാനും പരാതികൾ ഓൺലൈൻ വഴി അറിയിക്കാനുമുള്ള സൗകര്യവുമുണ്ട്. ഇ-പൊലിസ് സേവനങ്ങൾ വഴി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഇത് സഹായകരമാകും.

ആർക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്ന്. എപ്പോൾ വേണമെങ്കിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും പരാതി സമർപ്പിക്കാനും പിഴയടയ്ക്കാനും ‘പോലീസ് സ്റ്റേഷൻ മോഡ്’ ഉപയോഗപ്പെടുത്താനും ഈ സേവനത്തിലൂടെ സാധിക്കും. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായ് പൊലിസിന്റെ അറിയിപ്പ്.