ഗീത ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ്

ഡെൽഹി: മലയാളിയായ പ്രശസ്ത സാമ്പത്തിക വിദഗ്ധ ഗീതഗോപിനാഥിനെ രാജ്യാന്തര നാണയനിധിയുടെ(ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ഹാർവാഡ് സർവകലാശാലയിൽ ഇൻറർനാഷനൽ സ്റ്റഡീസ് ആൻഡ് ഇക്കണോമിക്‌സ് വിഭാഗത്തിൽ പ്രഫസറാണ് ഗീതാ ഗോപിനാഥ്. ഇന്ത്യയിൽ നിന്നും ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ഇവർ. റിസർവ് ബാങ്ക് മുൻ ഗവർണറായിരുന്ന രഘുറാം രാജനായിരുന്നു ഇന്ത്യയിൽ നിന്നും ആദ്യമായി ഈ പദവിയിലെത്തിയത്‌. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും കൂടിയാണ് ഗീത ഗോപിനാഥ്.

മികച്ച വിദ്യാഭ്യാസ യോഗ്യതകളും നേതൃത്വഗുണവും സാമ്പത്തിക രംഗത്തെ പരിചയസമ്പന്നതയുമുള്ള ഗീത ലോകത്തെ തന്നെ മികച്ച സാമ്പത്തിക വിദഗ്ദരിൽ ഓരാളാണ്.
രാജ്യാന്തര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച ഗീത ഗോപിനാഥിന് 46ാം വയസ്സിൽ അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസസിൽ അംഗത്വം ലഭിച്ചിരുന്നു. രാജ്യാന്തരതലത്തിൽ 5000 അംഗങ്ങൾ മാത്രമാണ് അക്കാദമിക്ക് ഉള്ളത്. ഈ മാസം ആറിനു മാസച്യുസിറ്റ്‌സിലെ കേംബ്രിജിൽ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നൽകാനിരിക്കെയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഗീതാ ഗോപിനാഥിനെ തേടിയെത്തിയത്. ഡൽഹി ലേഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ഓണേഴ്‌സും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും വാഷിങ്ടൻ സർവകലാശാലയിൽ നിന്നും എംഎയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നുമുള്ള ഡോക്ടറേറ്റുമാണ് ഗീതാ ഗോപിനാഥിന്റെ വിദ്യാഭ്യാസയോഗ്യതകൾ. പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷണത്തിനു വുഡ്രോ വിൽസൻ ഫെലോഷിപ് ലഭിച്ചു. കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത കണ്ണൂർ സ്വദേശിയാണ്.