ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പൊലിസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഉച്ചയ്ക്ക് ശേഷം ബാലഭാസ്‌കറിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതിദർശനത്തിന് വെക്കും. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ  ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ബാലഭാസ്‌കറിന് 2 അടിയന്തര ശസ്തക്രിയകൾ നടത്തിയിരുന്നു. അതിനിടെ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതിയുണ്ടായെങ്കിലും അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. അപകടത്തിൽ ബാലാഭാസ്‌കറിന്റെ ഒന്നര വയസുകാരി മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.