ബാലഭാസ്കര്‍: നാദവിസ്മയമൊരുക്കിയ വയലിൻ മാന്ത്രികൻ

മലയാളം നേഞ്ചോട് ചേർത്ത സനാദവിസ്മയത്തിന് ഇനി കണ്ണീരോടെ വിട. സംഗീത ആ​സ്വാ​ദ​ക​രെ കീ​ഴ​ട​ക്കി​യ നൂ​റു​ക​ണ​ക്കി​ന് ആ​ല്‍​ബ​ങ്ങ​ളും സം​ഗീ​ത​പ​രി​പാ​ടി​ക​ളു​മാ​യി​രു​ന്നു ബാ​ല​ഭാ​സ്ക​റി​നെ സംഗീതലോകത്ത് വ്യത്യസ്തനാക്കിയത്. അപ്രതീക്ഷിതമായി എത്തിയ വാഹന അപകടം ബാലഭാസ്‌കറിനെ മരണത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ സംഗീത ലോകത്തിന് നഷ്ടമാകുന്നത് അതുല്യ പ്രതിഭയെ.

തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ സികെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്കറിന് വഴികാട്ടിയായത് അമ്മാവൻ ബി ശശികുമാറായിരുന്നു. അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു. അതുകൊണ്ടാണ് കുടുംബം തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിക്കുന്നത്. അമ്മയുടെ സഹോദരൻ ബി.ശശികുമാർ വിഖ്യാത വയലിൻ വാദകനാണ്.പന്ത്രണ്ടാം വയസ്സിൽ ആദ്യകച്ചേരി.പിന്നീട് കലാമേളകളിൽ മിന്നുംതാരമായ കൗമാരക്കാരനെ തേടി മംഗല്യപ്പലക്ക് എന്ന സിനിമയിൽ പാട്ടുകളൊരുക്കാൻ ക്ഷണം എത്തുമ്പോൾ വയസ് വെറും 17.

കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം സഞ്ചരിച്ച്  ഇ​ല​ക്ട്രി​ക് വ​യ​ലി​നി​ലൂ​ടെ യു​വ​ത​ല​മു​റ​യെ ഹ​രം കൊ​ള്ളി​ച്ച കലാകാരനായിരുന്നു ബാ​ല​ഭാ​സ്കർ.  അ​തേ​സ​മ​യംത​ന്നെ ശാ​സ്ത്രീ​യ​സം​ഗീ​ത ക​ച്ചേ​രി​ക​ളി​ല്‍ ചി​ട്ട​യാ​യ ശു​ദ്ധ​സം​ഗീ​ത​ത്തി​നൊ​പ്പ​വും ബാ​ല​യു​ടെ വ​യ​ലി​ൽ ഈ​ണം​പൊ​ഴി​ച്ചു. കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന് ബാൻഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിർത്തിയായിരുന്നു പരീക്ഷണം.

ലോകമെങ്ങുമുള്ള വേദികളെ ത്രസിപ്പിച്ചും അതിരുകള്‍ക്കപ്പുറം ആസ്വാദകരുടെ എണ്ണം കൂട്ടിയും ബാലഭാസ്കറിന്റെ ജൈത്രയാത്രയായിരുന്നു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട്. ഉസ്താദ് സാക്കിര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായകറാം, ഹരിഹരന്‍, എ.ആര്‍.റഹ്മാന്‍, ലൂയി ബാങ്ക്സ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അങ്ങനെ സംഗീത ഇതിഹാസങ്ങള്‍ക്കൊപ്പം അവരുടെ പ്രിയങ്കരനായി ബാലു ആസ്വാദ ഹൃദയങ്ങൾ കൈയ്യടക്കി.

ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് അപ്രതീക്ഷിത ദുരന്തം. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾ തേജസ്വിക്ക് പിന്നാലെ ബാലഭാസ്കറും  യാത്ര പറയുന്നു.