മൃതദേഹം കൊണ്ടുപോകുന്നതിനുള്ള കൂട്ടിയ നിരക്ക് എയർ ഇന്ത്യ പിൻവലിച്ചു

തിരുവനന്തപുരം:മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് എയർ ഇന്ത്യ ഏർപ്പെടുത്തിയ  പുതുക്കിയ നിരക്ക് പിൻലവലിച്ചു. പഴയനിരക്ക് തുടരും. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് നിരക്ക് ഇരട്ടിയാക്കിയത് പ്രവാസികളുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മൃതദേഹങ്ങള്‍ ഭാരംതൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഒരു മൃതദേഹത്തിന് പെട്ടിയടക്കം നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാല്‍, പരമാവധി 1800 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ ഇനി 4,000 ദിര്‍ഹത്തോളം നല്‍കേണ്ടിവരുമെന്നത് പ്രതിഷേധത്തിനിടയാക്കി. ഇതുകൂടാതെ, ഹാന്‍ഡ്‌ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിര്‍ഹവും അധികം നല്‍കേണ്ടി വരുമായിരുന്നു.

മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിനായി യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍ നേരത്തെ പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.