ജപ്പാനിൽ ‘ട്രാമി’ ചുഴലിക്കാറ്റ്‌: ശക്തമായ മഴയും കടൽക്ഷോഭവുമെന്ന്‌ മുന്നറിയിപ്പ്

കഗോഷിമ: ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നതിനാൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുണ്ടായേക്കുമെന്നാണ് സൂചന . കാറ്റിന്റെ വേഗത കൂടുമെന്നും ശക്തമായ കടൽക്ഷോഭമുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾക്കു കനത്ത ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്. അര നൂറ്റാണ്ടിനിടെയിൽ യക്കുഷിമ ദ്വീപിലുണ്ടായ എറ്റവും ശക്തമായ മഴയാണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ജപ്പാനിലെ നഗരപ്രദേശങ്ങളിലേക്ക് ട്രാമി കടന്നത് അവിടുത്തെ ഗതാഗത സംവിധാനം ഭാഗികമായും ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പ്രധാന വിമാനത്താവളം അടച്ചിട്ടു.ജപ്പാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ട്രെയിനുകളും സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു. 45ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. നിരവധി വീടുകളിൽ വെള്ളം കയറി. 3.49 ലക്ഷം ആളുകളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാനും നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത് ട്രാമി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇതിന്റെ തീവ്രത അനുഭവപ്പെടും. അതീവശക്തമായാണു കാറ്റ് വീശുന്നത്. ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നു അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വർഷത്തിന്റെ ആദ്യം കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നെങ്കിലും അതിനു ശേഷം ശക്തമായ വേനലാണു കടന്നു പോയത്. 40 പേർ കൊല്ലപ്പെട്ട ഭൂകമ്പവും ഈ സെപ്റ്റംബറിലാണുണ്ടായത്. അടുത്തിടെ ജപ്പാന്റെ പടിഞ്ഞാറൻ ഭാഗത്തുണ്ടായ ജെബി ചുഴലിക്കാറ്റിൽ 11 പേരാണു മരിച്ചത്.