യുഎഇ എക്സ്ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.സച്ചിദാനന്ദനും ഖാലിദ് അൽ ദൻഹാനിക്കും സമഗ്ര സംഭാവനാ പുരസ്കാരം

 ദുബായ്:  പ്രവാസലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യുഎഇ എക്സ്ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾക്ക് ഈ വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു. സായിദ് വർഷാചരണം കൂടി പരിഗണിച്ചുകൊണ്ട് ഇപ്രാവശ്യം ഭാരതീയ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾക്ക് കവി കെ. സച്ചിദാനന്ദനും അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവി ഖാലിദ് അൽ ദൻഹാനിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട 2017 ൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങളിൽ നിന്ന് നോവൽ വിഭാഗത്തിൽ രമണി വേണുഗോപാലിന്റെ ‘ആവണിയിലെ അതിഥികൾ’, ചെറുകഥയിൽ വെള്ളിയോടന്റെ ‘ആയ’, കവിതയിൽ ഷാജി ഹനീഫിന്റെ ‘അദൃശ്യവർണ്ണങ്ങൾ’, ലേഖന വിഭാഗത്തിൽ താഹിർ ഇസ്മയിൽ ചങ്ങരംകുളം എഴുതിയ ‘വഴിച്ചൂട്ടുകൾ’ എന്നീ കൃതികൾ പുരസ്‌കാരം നേടി.
കൂടാതെ മലയാളി എഴുത്തുകാരന്റെ മികച്ച ഇംഗ്ലീഷ് കൃതിയെന്ന നിലയിൽ ഇസ്മയിൽ മേലടിയുടെ ‘The Migrant Sand stones’ ഉം  ഇൻഡോ യുഎഇ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള മികച്ച കൃതിയായി കെ.എം.അബ്ബാസിന്റെ ‘ഇമറാത്തിന്റെ വഴികളിലൂടെ’യും അറബ് സാഹിത്യരചയിതാവായ മലയാളിയെന്ന നിലയിൽ കാസിം മുഹമ്മദ് ഉടുമ്പന്തലയും  ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങൾക്ക് അർഹമായി. മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം സാദിഖ് കാവിലിന്റെ ‘ഖുഷി’ എന്ന നോവലും സ്ത്രീപക്ഷ രചനയെന്ന നിലയിൽ പുന്നയൂർക്കുളം സൈനുദ്ദീന്റെ ‘ന: സ്ത്രീ സ്വാതന്ത്ര്യമർഹതി’യും പ്രവാസലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അനുഭവ പശ്ചാത്തലങ്ങളെ ആസ്പദമാക്കി റഫീഖ് മേമുണ്ട സമാഹരിച്ച ‘പെൺ പ്രവാസം’ എന്ന കൃതിയും പ്രത്യേക പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി അവാർഡ് പ്രഖ്യാപന വാർത്താസമ്മേളനത്തിൽ യുഎഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലിയും അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവൽ, കഥ, കവിത, ലേഖന പുരസ്‌കാരങ്ങൾക്ക് കാൽ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 15,000 രൂപ വീതവും സമ്മാനത്തുകയുണ്ട്.
ഒക്ടോബർ 25 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്  ദുബായ് ദേരയിലെ ഫ്ലോറ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഇതിനു മുന്നോടിയായി ‘സാഹിത്യവും പ്രതിരോധവും’ എന്ന വിഷയത്തെ അധികരിച്ച് കെ.സച്ചിദാനന്ദന്റെ പ്രഭാഷണവും ഇന്ത്യൻ – അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കും. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തുമെന്ന് സംഘാടകർ പറഞ്ഞു. യുഎഇ എക്സ്ചേഞ്ച് ഇവെന്റ്‌സ് & അസോസിയേറ്റ്‌സ് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന വൈസ് പ്രസിഡണ്ട്, പുന്നക്കൻ ബിരാൻ ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറർ ടി.പി.അഷ്‌റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.