വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ചു; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

വില്ലിംഗ്ടണ്‍: ലാന്‍റിംഗിനിടെ  നിയന്ത്രണം തെറ്റി വിമാനം  കായലില്‍ പതിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ന്യൂസിലാന്‍റിലെ പസഫിക് ദ്വീപിലാണ് അപകടം സംഭവിച്ചത്. എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 – 800 വിമാനമാണ് അപടത്തില്‍പ്പെട്ടത്.

35 യാത്രക്കാരും 12 ജീവനക്കാരുമാണ് പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നി മാറി കായലിൽ പതിയ്ക്കുകയായിരുന്നു. അപകടത്തിന്‍റെ കാരണം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ കാഴ്ച മറഞ്ഞിരുന്നുവെന്നുമാണ് എയര്‍ ന്യുഗിനി അധികൃതര്‍ പറഞ്ഞു.

മൈക്രോനേഷ്യയില്‍ ഇതാദ്യമായല്ല ഇത്തരമൊരു അപകടം ഉണ്ടാകുന്നത്. 2008 ല്‍ ഏഷ്യാ പസിഫിക് എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ ബോയിംഗ് 727 വിമാനവും റണ്‍വേയില്‍നിന്ന് തെന്നിമാറിയിരുന്നു.

പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ വെള്ളം മുന്നിലെത്തിയപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതെന്ന്  യാത്രക്കാരിലൊരാള്‍ പറയുന്നു.  ചിലര്‍ കായലില്‍നിന്ന്  നീന്തി രക്ഷപ്പെട്ടപ്പോള്‍ ചിലരെ ചെറുബോട്ടുകളില്‍ രക്ഷപ്പെടുത്തുകയായിരുന്നു. അധികൃതർ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.