തേജസ്വിനി യാത്രയായി, വിടപറയാൻ കാത്തുനിൽക്കാതെ

തിരുവനന്തപുരം: ബാലഭാസ്കറിന്റെ  മകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്കരിച്ചു. ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്കാരം. മകൾ മരിച്ച വിവരം ഇവർ ഇരുവരും അറിഞ്ഞിട്ടില്ല. ഇരുവരെയും കാണിച്ചതിന് ശേഷം കു‍ഞ്ഞിനെ സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ബന്ധുക്കൾ  സംസ്കാരം നിശ്ചയിക്കുകയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.

ഇന്നലെ ബോധം തെളിഞ്ഞപ്പോൾ അമ്മ ലക്ഷ്മി കുഞ്ഞിനെ തിരക്കിയതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. എന്നാൽ ബാലഭാസ്കറിന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും തേജസ്വിനി ബാല ജനിക്കുന്നത്. തൃശൂർ വടക്കുന്നാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. ബാലഭാസ്കറും ലക്ഷ്മിയും വെന്റിലേറ്ററിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് തേജസ്വനി ബാലയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

നട്ടെല്ലിനും എല്ലുകൾക്കും പരിക്കേറ്റ ബാലഭാസ്കറും ഭാര്യയും ഇപ്പോഴും വെന്റിലേറ്ററിലാണ്. ഡ്രൈവർ അർജ്ജുൻ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. കാറിന്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്കറും മകളും ഇരുന്നിരുന്നത്. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ആദ്യം പുറത്തെടുത്തത് കുഞ്ഞിനെയായിരുന്നു. പൊലീസ് വാഹനത്തിൽ‌ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.