ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയില്‍ വിധി അടുത്ത ബുധനാഴ്ച

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു. അടുത്ത ബുധനാഴ്ചത്തേക്കാണ് മാറ്റിവച്ചത്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്.

കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ വാദം. പൊലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ ലൈംഗികാരോപണമില്ലെന്നും ഹൈക്കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കുമ്പോഴുള്ള അറസ്റ്റ് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചിരുന്നു.

പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന്റെ അടുത്ത ദിവസം നടന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാന ചടങ്ങിന്റെ വീഡിയോ ബിഷപ് കോടതിയിൽ ഹാജരാക്കി. കന്യാസ്ത്രീയുടേത് വ്യാജ പരാതിയാണെന്ന് വാദിക്കാനാണ് വീഡിയോ ഹാജരാക്കിയത് ചടങ്ങിൽ ഫ്രാങ്കോ പങ്കെടുത്തിരുന്നു. നാലു വർഷം മുമ്പ് നടന്നുവെന്ന് പറയുന്ന പീഡനത്തിൽ മെഡിക്കൽ റിപ്പോർട്ടിന്റെ സാധുതയെന്തെന്ന് പ്രതിഭാഗം വാദിച്ചു.