മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു; മൂന്നാറിൽ ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 10 സെന്‍റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.  ആറ് ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 1599.69 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.  മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്