സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രധാന ചർച്ച

ഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചർച്ചചെയ്യാൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉൾപ്പെടുന്ന വിശാല പ്രതിപക്ഷ നിരയിൽ ഇടത് പാർട്ടികളും പങ്കാളികളാകുന്നത് സംബന്ധിച്ച ചർച്ചകൾ ഇന്നത്തെ പി.ബി യോഗത്തിൽ നടക്കും.

പ്രതിപക്ഷ വിശാലവേദിയിൽ ഇടതുപക്ഷവും വേണം എന്നാണ് നിലപാടെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി ഇന്നലെ എ.ബി ബർധൻ അനുസ്മരണ വേദിയിൽ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് സഖ്യം വേണ്ട എന്നാണ് സിപിഎം തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. തെലങ്കാനയിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യം വേണം എന്ന നിർദേശം സിപിഐ, സിപിഎമ്മിന് നല്കിയിട്ടുണ്ട്.