വിജയത്തെക്കാൾ മധുരം അഫ്ഗാന്റെ സമനില; ഇന്ത്യയെ സമനിലയില്‍ പിടിച്ച് കെട്ടി

ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാൻ പോരാട്ടം സമനിലയിൽ. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് അഫ്ഗാന്റെ സമനില നേട്ടം. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 50 ഓവറില്‍ എട്ടിന് 252. ഇന്ത്യ-49.5 ഓവറില്‍ 252നു പുറത്ത്. ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദിന്റെ സെഞ്ചുറിയാണ്(124) അഫ്ഗാന്‍ ഇന്നിംഗ്‌സിന് കരുത്തായത്.

253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 21 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്ത ശേഷമാണ് തകർന്നടിഞ്ഞത്‌. കെ.എല്‍. രാഹുലും (60) അമ്പാട്ടി റായുഡു(57)വും മികച്ച പ്രകടനം നടത്തിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമാകുമെന്ന് പ്രതീക്ഷ ഉയര്‍ന്നു. 17ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. റായിഡു പുറത്തായതിന് പിന്നാലെയെത്തിയ ദിനേശ് കാര്‍ത്തിക് 44 റണ്‍സുമായി ഓപ്പണര്‍മാര്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിയുകയായിരുന്നു.

നായകന്‍ ധോണിയും മനീഷ് പാണ്ഡെയും കേദാര്‍ യാദവും വേഗത്തില്‍ പുറത്തായി. ധോണിയും പാണ്ഡെയും എട്ട് റണ്‍സ് വീതം മാത്രമാണ് എടുത്തത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (25) ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും റാഷിദ് ഖാന്റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ നജിബുല്ല സദ്രാന്റെ കയ്യിലൊതുങ്ങി.

ടോസ് നേടി ആദ്യമിറങ്ങിയ അഫ്ഗാനിസ്ഥാന്‍ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അഫ്ഗാന്റെ ഷഹ്‌സാദ് പത്താം ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ചു. അഞ്ച് റണ്‍സെടുത്ത അഹ്മദി 13ാം ഓവറില്‍ പുറത്താകുമ്പോള്‍ അഫ്ഗാന്‍ 65 റണ്‍സിലെത്തിയിരുന്നു. ഒടുവില്‍ ഷഹ്‌സാദ് 88 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. ഏകദിനത്തിലെ ഷഹ്‌സാദിന്റെ അഞ്ചാം സെഞ്ചുറിയാണിത്. കേദാര്‍ ജാദവിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ലോങ് ഓഫില്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് സമ്മാനിച്ചാണ് ഒടുവില്‍ ഷഹ്‌സാദ് വീണത്.

പിന്നീട് മുഹമ്മദ് നബിയും റണ്‍സ് നേടിത്തുടങ്ങിയതോടെ 44 ഓവറില്‍ ആറു വിക്കറ്റിന് 226 റണ്‍സ് എന്ന സ്‌കോറില്‍ അഫ്ഗാനിസ്ഥാന്‍ എത്തിയതാണ്. എന്നാല്‍ നബിയെ മടക്കിയ ഖലീല്‍ അഹമ്മദ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. അവസാന ഓവറുകളില്‍ റാഷിദ് ഖാന് റണ്‍സ് നേടാനാകാതെ വന്നതോടെ അഫ്ഗാന്‍ സ്‌കോര്‍ 252ല്‍ അവസാനിച്ചു.