സ്ഥാനാർത്ഥികൾ ക്രിമിനല്‍ കേസ്‌ പ്രതികളായാല്‍ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കില്ല: സുപ്രീംകോടതി

ഡൽഹി:  പ്രതിയാകുന്നത് അയോഗ്യതയല്ലെന്നും ക്രിമിനല്‍ കേസില്‍പ്പെട്ടതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കില്ലെന്നും ഭരണഘടനാബൈഞ്ച് വിധിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചിന്റേതാണ് വിധി. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളും വെളിപ്പെടുത്തണമെന്നും വിധിയില്‍ നിര്‍ദേശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ വിധി ഏറെ നിര്‍ണായകമാണ്.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുന്നതിന് ക്രിമിനല്‍കേസ് പ്രതികളെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളിലെ പ്രതിയാണെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുവദിക്കരുത്. ഇതിനായുളള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കരുതല്‍ വേണമെന്ന് പറഞ്ഞ സുപ്രീംകോടതി രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ എത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും നിര്‍ദേശിച്ചു.