ദേശീയ ദിനാഘോഷനിറവില്‍ സൗദി അറേബ്യ

റിയാദ്: എണ്‍പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങി.റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന, ബുറൈദ, അല്‍ അഹ്സ തുടങ്ങി രാജ്യത്തെ 13 പ്രവിശ്യകളിലും വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‍.

സൗദിയിലെ വിവിധ പ്രവിശ്യകളിലെ പ്രധാന കേന്ദ്രങ്ങളും റോഡുകളും പാര്‍ക്കുകളുമെല്ലാം ദേശീയ ദിനത്തെ വരവേല്‍ക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പരിപാടികളിലൊന്നായ ‘ദ ലൈറ്റ് ഗാര്‍ഡന്‍’ ത്രീഡി ലൈറ്റ് ഷോ ദമ്മാമില്‍ നടക്കും. ദേശീയ ദിനമായ ഞായറാഴ്ച അല്‍ഖോബാറിലും അല്‍ഹസ്സയിലും ഉച്ച മുതല്‍ പാരാ ഗ്ലൈഡിംഗ് ഷോ നടക്കും.

പ്രവിശ്യയിലെ സ്കൂളുകള്‍, കോളേജുകള്‍, ഷോപ്പിംഗ് മാളുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും വിവിധ ആഘോഷ പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. രാത്രി പ്രവിശ്യയിലെ വിവിധ കോര്‍ണീഷുകളില്‍ വെടിക്കെട്ട് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.ഇപ്രാവശ്യം ദേശീയ ദിനം ഞായറാഴ്ചയായതിനാല്‍ വാരാന്ത്യ അവധി ഉല്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.