ചോദ്യംചെയ്യൽ തുടരുന്നു; ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന

കൊച്ചി:  ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കർ പറഞ്ഞു. അന്വേഷണസംഘത്തിലുണ്ടാവും എന്നാണ്.  ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ മുന്നിലുണ്ടെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ അത് തടസ്സമാവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ചോദ്യം ചെയ്യല്ലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്നാണ് സൂചന. ഇന്നലെ ബിഷപ്പ് നല്‍കിയ മൊഴികളില്‍ വ്യക്തത തേടിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഇന്ന് ചോദിക്കുന്നത്. പ്രധാനചോദ്യങ്ങളും മൊഴികളിലെ ഉപചോദ്യങ്ങളുമായി ഇരുന്നൂറോളം ചോദ്യങ്ങളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.

ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വാദങ്ങൾ നിരത്തുന്നതിന് ഫോൺ റെക്കോർഡുകളും, വീഡിയോകളും ഉൾപ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.