പുതിയ കെപിസിസി പ്രസിഡന്‍റ് : കെ. സുധാകരന് അതൃപ്തി

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന്‍  അതൃപ്തി അറിയിച്ചതായി സൂചന. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശം രാഹുൽ അംഗീകരിക്കുകയായിരുന്നു. എം.ഐ ഷാനാവാസ് , കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എന്നിവരെ വര്‍ക്കിങ്ങ്   പ്രസിഡന്‍റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയാണ് നിയമിച്ചത്.

മുല്ലപ്പള്ളിക്കൊപ്പം അധ്യക്ഷ സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കപ്പെട്ടവരായിരുന്നു കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും. ഇവരെയും വര്‍ക്കിങ്ങ്  പ്രസിഡന്‍റുമാരാക്കുന്നതിലൂടെ ഇരുവര്‍ക്കായി  വാദിച്ചവരെയും രാഹുൽ തൃപ്തിപ്പെടുത്തി.  കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറ‍ഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്‍റെതായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിനുമായിട്ടാണ് മുല്ലപ്പള്ളിക്ക ് സ്ഥാനം നൽകിയത്. ഇതേ തുടര്‍ന്നാണ് കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വര്‍ക്കിങ്ങ്  പ്രസിഡന്‍റ് സ്ഥാനം നല്‍കിയത്. പുതിയ സ്ഥാനലബ്ദിയില്‍ കെ.സുധാകരന്‍ അതിപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വി.ഡി സതീശനെ പരിഗണിച്ചില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന്‍റെ പ്രധാന ചുമതല. തിരിച്ചടിയുണ്ടായാൽ കെ.പി.സി.സി നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കമാന്‍റ് നല്കുന്നുണ്ട്.