ഹാരിസൺ കേസില്‍ സർക്കാരിന്‌ തിരിച്ചടി; ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സർക്കാരിന്‌ അധികാരമില്ല

ഡൽഹി: ഹാരിസൺന്റെ പാട്ടകാലാവധി പൂർത്തിയാക്കിയ ഭൂമി സർക്കാർ  ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ ഹർജിയില്‍ കേരളാ സർക്കാരിന്‌ തിരിച്ചടി. ഹാരിസൺ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കർ ഭൂമി പാട്ടകരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.  ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ച കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവക്കുകയായിരുന്നു.  ഭൂപരിഷ്കരണ നിയമപ്രകാരം സ്പെഷ്യൽ ഓഫീസർ വഴി ഭൂമി ഏറ്റെടുത്ത നടപടി വലിയ വിമർശനത്തോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്.