സച്ചിന്റെ ഓഹരികൾ ലുലു ഗ്രൂപ്പ് വാങ്ങിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്

കൊച്ചി: ഐ.എസ്.എൽ അഞ്ചാം സീസൺ കിക്ക് ഓഫിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയിൽ നിന്ന് സച്ചിന്റെ പിന്മാറ്റം വലിയ വാർത്തയായിരുന്നു. സച്ചിൻ വിറ്റ ഓഹരികൾ ലുലു ഗ്രൂപ്പ് വാങ്ങിയെന്ന വാർത്തകൾ ഇതിനിടെ പരന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ പുറത്തുനിന്നും ആരും വാങ്ങിയിട്ടില്ലെന്ന വിശദീകരണമാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇപ്പോൾ നൽകുന്നത്.

ബ്ലാസ്‌റ്റേഴ്‌സിൽ 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സച്ചിൻ നേരത്തേ 20 ശതമാനം ഓഹരികൾ കൈമാറിയിരുന്നു. ശേഷിച്ചിരുന്ന 20 ശതമാനം ഓഹരികൾകൂടി ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവർ ചേർന്ന് ഏറ്റെടുത്തതോടെ മാസ്റ്റർ ബ്ലാസ്റ്ററും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ബന്ധം പൂർണമായി അവസാനിച്ചു.

സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. 2014ൽ ഐഎസ്എൽ ആദ്യ സീസൺ മുതൽ സഹ ഉടമ എന്ന നിലയിൽ കേരള ബ്ലാസ്‌റ്റേഴ്‌സുമായുണ്ടായിരുന്ന ബന്ധമാണ് സച്ചിൻ അവസാനിപ്പിച്ചത്. സച്ചിന്റെ പിന്തുണയ്ക്കും സംഭാവനകൾക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു. സച്ചിൻ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കി.സച്ചിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ടീമുടമകൾ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ അറിയിച്ചു.