ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രൂപതാ ചുമതലകൾ കൈമാറി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചുമതലകൾ കൈമാറി. രൂപതാ വികരി ജനറാൾ ഫാ. മാത്യു കോക്കണ്ടത്തിനാണ് ചുമതലകൾ നൽകിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ചുമതല കൈമാറിയിരിക്കുന്നത്. ബിഷപ്പ് സർക്കറിലൂടെയാണ് ചുമതല കൈമാറ്റം അറിയിച്ചിരിക്കുന്നത്. എല്ലാം ദൈവത്തിന്‌ സമർപ്പിക്കുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ ചുമതല കൈമാറ്റം സാധാരണ നടപടിക്രമം മാത്രമാണെന്നാണ് രൂപതാവൃത്തങ്ങൾ പറയുന്നത്.

ബിഷപ്പിനെതിരായ പരാതി നേരത്തെ തന്നെ വത്തിക്കാന്‍ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.