ഫ്‌ളോറൻസ് ചുഴലിക്കാറ്റ്:17 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിർജീനിയ: അമേരിക്കയിൽ ഫ്‌ളോറൻസ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിനേക്കാൾ വലിയ ദുരന്തം വിതയ്ക്കുമെന്ന് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് വ്യക്തമാക്കി. പ്രളയത്തിന് സാധ്യത ഉളളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി കരോലീന, വിർജീനിയ തീരപ്രദേശങ്ങളിൽ 17 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ഫ്‌ളോറൻസ് ചുഴലിക്കാറ്റ് ഇന്നലെ നോർത്ത് കരോലീന തീരത്ത് ആഞ്ഞുവീശിയതിനെത്തുടർന്നു മേഖലയിൽ പേമാരി തുടങ്ങി. മണിക്കൂറിൽ 225 കിലോമീറ്റർ വേഗമുണ്ടായിരുന്ന കാറ്റ് കരയിലെത്തിയതോടെ ദുർബലമായി. നേരത്തെ കാറ്റഗറി നാലിൽ ഉൾപ്പെടുത്തിയിരുന്ന ഫ്‌ളോറൻസ് ഇപ്പോൾ കാറ്റഗറി രണ്ടിലാണ്. ഇപ്പോൾ കാറ്റിൻറെ വേഗം മണിക്കൂറിൽ 175 കിലോമീറ്ററാണ്.
വേഗം കുറഞ്ഞെങ്കിലും ഫ്‌ളോറൻസിൻറെ നശീകരണശക്തി കുറഞ്ഞിട്ടില്ലെന്നും പ്രളയത്തിനു സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും ഫെഡറൽ എമർജൻസി മാനേജ്‌മെൻറ്  പറഞ്ഞു. ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കത്തിൻറെ ഭാഗമായി നോർത്ത്, സൗത്ത് കരോളൈനകളിലും വിർജിനിയയിലും പ്രസിഡൻറ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി വിർജീനിയ, കരോലിനയുടെ വടക്കുകിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. മേഖലകളിൽനിന്ന് 17 ലക്ഷത്തോളം പേർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ്.
മണിക്കൂറിൽ 220 കിലോമീറ്റർ വേഗതിയിൽ വീശുമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത്.
ചുഴലിക്കാറ്റും മഴയും ആരംഭിച്ചശേഷം മാറിത്താമസിക്കാൻ ശ്രമിക്കാതെ ഉടൻതന്നെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് 38 മുതൽ 50 സെന്റീമീറ്റർവരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളോറൻസ് ചുഴലിക്കാറ്റിനെ നേരിടാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചുഴലിക്കാറ്റുകളുടെ തീവ്രത കണക്കാക്കുന്ന ഒന്നുമുതൽ അഞ്ചുവരെയുള്ള പട്ടികയിൽ നാലാം വിഭാഗത്തിലായിരുന്ന ഫ്‌ളോറൻസ് കരയിലെത്തുമ്പോൾ മണിക്കൂറിൽ 253 കിലോമീറ്റർവരെ വേഗത കൈവരിച്ച് കാറ്റഗറി അഞ്ചിലേക്ക് മാറാമെന്നും വിലയിരുത്തലുണ്ടായിരുന്നു.