ചോദ്യംചെയ്യലിനോട് മാത്രമേ സഹകരിക്കൂ എന്ന് ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകൻ

ജലന്ധർ:  ബിഷപ്പിനെതിരായ ലൈംഗികാതിക്രമ കേസിൽ ചോദ്യംചെയ്യലിനോട് മാത്രമേ സഹകരിക്കൂ എന്ന് ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകൻ മന്ദീപ് സിംഗ്. കസ്റ്റഡിയിൽ എടുക്കാനാണ് ഉദ്ദേശമെങ്കിൽ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിക്കുമെന്നും മന്ദീപ് സിംഗ് പറഞ്ഞു. ബിഷപ്പ് നിരപരാധിയാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്റെ വ്യക്തിഹത്യക്ക് ആര് സമാധാനം പറയുമെന്നും മന്ദീപ് സിംഗ് ചോദിച്ചു.  ഇതുവരെ പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ച ശേഷമേ യോഗം ചേർന്ന് അടുത്ത നടപടിക്രമങ്ങളെ പറ്റി ആലോചിക്കൂവെന്നും ജലന്ധർ രൂപത അറിയിച്ചു.

അതേസമയം അഭിഭാഷകനെ തള്ളി രൂപത അധികാരികൾ രംഗത്ത് വന്നു. രൂപതയുടെ നിലപാട് പറയാൻ ആരെയും ഏൽപ്പിച്ചിട്ടില്ലന്ന് അധികൃതർ വ്യക്തമാക്കി. ബിഷപ്പിനെ ചോദ്യംചെയ്യും മുമ്പ് കൃത്യമായ നിഗമനത്തിലെത്താനാണ് ശ്രമമെന്ന്  കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. നാലുവര്‍ഷം പഴക്കമുളള കേസായതിനാല്‍ പ്രതിസന്ധികളുണ്ട്. പി.സി ജോര്‍ജിനെതിരെ പരാതി കിട്ടിയില്‍ കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.