ഭരണ സ്തംഭനത്തിനെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം നല്കാന് പോലും കഴിയാത്ത വിധത്തില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായ ഭരണ സ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എന്നിട്ടും ഭരണ സ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണ്. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതല്‍ കിട്ടിയിട്ടില്ല. അതിന് വേണ്ടി കേന്ദ്രത്തിന് മെമ്മോറാണ്ടം തയ്യാറാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വിവിധ വകുപ്പുകള്‍ നടത്തുന്നു എന്ന് പറയുന്നതല്ലാതെ അത് എങ്ങും എത്തിയിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു . വിദേശത്തിരുന്നു കൊണ്ട് മുഖ്യമന്ത്രി ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. അങ്ങനെയെങ്കില്‍ പിന്നെ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം കൂടി നടത്തിക്കൂടെയായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭാ യോഗം ചേരാന്‍ കഴിയാത്തതിനാല്‍ നയപരമായ ഒരൊറ്റ തീരുമാനവും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. പക്ഷേ ഉപസമിതിക്ക് നയപരമായ തീരുമാനമെടുക്കാനോ അവ സര്‍ക്കാര്‍ ഉത്തരവായിറക്കി നടപ്പാക്കാനോ കഴിയില്ല. ക്യാബിനറ്റിന്റെ അധികാരം ഉപസമിതിക്കുണ്ടോ എന്ന് വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തില്‍ നിന്ന് സംസ്ഥാനം കരകയറേണ്ട അതീവ നിര്‍ണ്ണായകമായ സമയത്ത് സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടായിരിക്കുന്നത് മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ്.
ഭരണത്തിന്റെ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ വന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ട് നീങ്ങുന്നില്ല. ഈ തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രളയം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മറ്റ് ദുരിതാശ്വാസ സഹായങ്ങളൊന്നും വിതരണം ചെയ്തിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും നല്‍കിയിട്ടില്ല.
പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായിട്ടില്ല. ഇതിന് നടപടി എടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴുക്കന്‍ മട്ടില്‍ പറയുന്നത്. എന്തു നടപടിയാണെടുത്തത്? ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് എന്തായി? മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷവും സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷവും നല്‍കുമെന്ന് പറഞ്ഞെങ്കിലും അതും കിട്ടിയിട്ടില്ല എന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി .
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു