രാജ്യം അഭിമുഖീകരിക്കുന്നത് ചരിത്രത്തിലെ ഏറ്റവുംവലിയ സാമ്പത്തിക പ്രതിസന്ധി

ഡൽഹി:  ചരിത്രത്തിലെ ഏറ്റവുംവലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്‌. ധനക്കമ്മി കാരണം  അനുദിനം വർദ്ധിക്കുന്ന ഇന്ധനവില കുറക്കുന്നതിന് കേന്ദ്ര സർക്കാരിനാകുന്നില്ല. നടപ്പ് സാമ്പത്തിക വര്‍ഷം ജി.ഡി.പിയുടെ മൂന്ന് ശതമാനമായി ധനക്കമ്മി നിയന്ത്രിക്കാനായിരുന്നു മോദി സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടത്. അത്, അസാദ്ധ്യമെന്ന് ബോദ്ധ്യപ്പെട്ടതോടെ ലക്ഷ്യം 3.3 ശതമാനത്തിലേക്ക് ഉയര്‍ത്തി. രണ്ടാമത് നിശ്‌ചയിച്ച ലക്ഷ്യത്തിനുള്ളില്‍ തന്നെ ധനക്കമ്മി നിയന്ത്രിക്കാനായാണ് ഇന്ധന എക്‌സൈസ് നികുതി കുറയ്‌ക്കാതെ കേന്ദ്രം പിടിച്ചുനില്‍ക്കുന്നത്.

വരുമാനം നഷ്‌ടപ്പെടാതെ ഇന്ധനവില നിയന്ത്രിക്കാനാണ് ഇപ്പോള്‍ കേന്ദ്രം ശ്രമിക്കുന്നത്. അതില്‍, ആദ്യത്തെ നീക്കം സംസ്ഥാനങ്ങളോട് മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയാണ്. രാജസ്ഥാനും ആന്ധ്രപ്രദേശും കഴിഞ്ഞദിവസം വാറ്റ് കുറച്ചിരുന്നു. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയാണ് വിലകുറക്കാൻ മറ്റൊരു വഴി. നിലവില്‍ പെട്രോള്‍ വിലയുടെ 45 മുതൽ 50 ശതമാനവും ഡീസല്‍ വിലയുടെ 35    മുതൽ 40 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, ഡീസല്‍ നികുതി പരമാവധി 28 ശതമാനത്തില്‍ ഒതുങ്ങും. ഇത്, വില വലിയതോതില്‍ കുറയാന്‍ സഹായകമാകും. എന്നാല്‍, നികുതി വരുമാനത്തില്‍ വന്‍ കുറവുണ്ടാകുമെന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ അനുകൂലിക്കുന്നില്ല.
ഡോളറിനെതിരെ രൂപ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഡോളർ രൂപ വിനിമയ നിരക്ക് 72.88 ആയി. ഇന്നലെ വിനിമ നിരക്ക് 72.74 ആയിരുന്നു.