എരുമേലി വിമാനത്താവളം അന്താരാഷ്ട്രവിമാനത്താവളമാക്കാൻ സർക്കാർ ധാരണ

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാതലത്തിൽ നിർദിഷ്ട എരുമേലി വിമാനത്താവളം അന്താരാഷ്ട്രവിമാനത്താവളമാക്കാൻ സർക്കാർ ധാരണ. പ്രളയത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടതിനാൽ കേരളത്തിലേക്കുള്ള വ്യോമ ഗതാഗതം ഭാഗീകമായി താറുമാറായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ എരുമേലിയെ പ്രയോജനപ്പെടുത്താനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. നിർദിഷ്ട വിമാനത്താവളത്തിെൻറ കൺസൾട്ടൻസിയായ ലൂയിസ് ബർഗർ കമ്പനിയെ സർ്ക്കാർ പുതിയ നിലപാട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്രവിമാനത്താവളമാക്കാനുള്ള നിർദേശമായിരിക്കും കമ്പനി സമർപ്പിക്കുന്ന അന്തിമ സാധ്യത പഠന റിപ്പോർട്ടിൽ  മുന്നോട്ടുവക്കുക.
പ്രവാസികളുടെ നേതൃത്വത്തിലുള്ള ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയറോപോളിസ് കമ്പനിക്കുവേണ്ടി അന്താരാഷ്ട്ര കൺസൾട്ടൻസിയായ എയികോം നടത്തിയ പഠനത്തിലും ചെറുവള്ളി എസ്റ്റേറ്റ് അന്താരാഷ്ട്രവിമാനത്താവളം നിർമ്മിക്കാൻ അനുയോജ്യമാണന്ന് കണ്ടെത്തിയിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ നാല് എസ്‌റ്റേറ്റുകളിൽ നടത്തിയ പഠനത്തിന് ശേഷമാണ് എയിക്കോം ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമാണന്ന് കണ്ടെത്തിയത്. എയിക്കോമിന്റെ റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
എരുമേലിയിൽ അന്താരാഷ്ട്ര വിമാനത്താവളമായാലും സാമ്പത്തികമായി ലാഭകരമാകുമെന്നും ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുമെന്നും എയികോമും, ലൂയിസ് ബർഗറും സമർപ്പിച്ച പ്രാഥമിക പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിമാനത്താവളം അന്താരാഷ്ട്രമോ, ആഭ്യന്തരമോയെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല. എന്നാൽ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് സർക്കാർ വിളിച്ച ഉന്നതതലയോഗത്തിലാണ് നെടുമ്പാശേരിക്ക് ബദൽ മാർഗ്ഗം എന്ന നിലയിൽ എരുമേലി വിമാനത്താവളം  അന്താരാഷ്ട്ര വിമാനത്താവളമാക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ലൂയിസ് ബർഗർ സമർപ്പിക്കാൻ തയ്യാറെടുക്കുന്ന അന്തിമ റിപ്പോർട്ടിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ്  കമ്പനിയുടെ തീരുമാനം.
എരുമേലി വിമാനത്താവളം അന്താരാഷ്ട്രവിമാനത്താവളമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകൾ നിരവധി തവണ സർക്കാരുമായി ചർച്ച നടത്തിയിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 2.27 ലക്ഷം പ്രവാസികളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. നിർദിഷ്ട വിമാനത്താവളം  അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റുന്നതോടെ പ്രവാസികളുടെ യാത്രാ ക്ലേശത്തിന് അവസാനമാകുമെന്നാണ് കരുതുന്നത്. എന്നാൽ ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഇതുവരെ ഏറ്റെടുക്കാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയാണ് സർക്കാരിന്. 2263 ഏക്കർ ഭൂമിയാണ് എസ്‌റ്റേറ്റിലുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിലെ നിയമ തടസ്സങ്ങൾ പദ്ധതി നടത്തിപ്പിനെ വൈകിപ്പിക്കുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. വിമാനത്താവള പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ പൂർണ്ണ പിന്തുണയുമായി പ്രവാസികൾ സജീവമായി രംഗത്തുണ്ട്.