ഇന്ധനവില കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളി; സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ കേന്ദ്ര നിർദ്ദേശം

ഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളി. പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്സൈസ് നികുതി . രണ്ട് രൂപ കുറച്ചാൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്‌.

രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാർശ നാളത്തെ മന്ത്രിസഭാ യോഗത്തിൽ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു.  സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.  ആറ് ശതമാനം മുതൽ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.

അതേസമയം ഇന്ധനവിലവർധനക്കെതിരെ പ്രതിപക്ഷപാർട്ടികൾ നടത്തിയ ഭാരബന്ദിന് ശേഷവും വില കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപ കടന്നു. തുടർച്ചയായ നാൽപ്പത്തിരണ്ടാം ദിവസമാണ് ഇന്ധനവിലയിൽ വർധനവ്. പെട്രോളിനും ഡീസലിനും ലീറ്ററിന് പതിനഞ്ചുപൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 84 രൂപ 26 പൈസയും ഡീസലിന് 78 രൂപ 18 പൈസയുമായി.