ദുബായ് മെട്രോയ്ക്ക് ഒൻപതാം പിറന്നാൾ

ദുബായ്: ആധുനിക സാങ്കേതിക വിദ്യയും, സുരക്ഷാ സംവിധാനങ്ങളും ഇഴചേർത്ത ദുബായ്  മെട്രോ ഒൻപതു വർഷം പൂർത്തിയാക്കുന്നു.  2009 സെപ്റ്റംബർ 9 രാത്രി ഒൻപതു മണിക്ക് ഷെയ്ഖ് മുഹമ്മദ് ആയിരുന്നു മെട്രോയിലെ ആദ്യ യാത്രക്കാരൻ.  കഴിഞ്ഞ വർഷം ഇരുനൂറ് മില്യണിലേറെ യാത്രക്കാർ ഉപയോഗപ്പെടുത്തി എന്നാണ് കണക്ക്. നിർമാണത്തിന്റെയും, പരിപാലനത്തിന്റെയും, സേവനത്തിന്റെയും കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാകുയാണ് ദുബായ് മെട്രോ. ഡ്രൈവർ ഇല്ലാതെ ഓടുന്ന ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള യാത്രാ സംവിധാനം എന്ന റെക്കോർഡും ദുബായ് മെട്രോക്കാണ്.

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇച്ഛാശക്തിയുടെയും പ്രതീകമാണ് ദുബായ് മെട്രോ. കൃത്യമായ സമയക്രമം പാലിച്ച് ഓടുന്ന മെട്രോ സർവീസ്, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും വലിയ സംഭാവനകൾ ചെയ്യുന്നുണ്ട്. പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിലൂടെ ദുബായ് നിരത്തുകളിലെ തിരക്ക് കുറക്കാനും ദുബായ് മെട്രോ സഹായിക്കുന്നു. ചുവപ്പ്, പച്ച പാതകളിൽ 49 സ്റ്റേഷനുകളാണ് ഇന്ന് ദുബായ് മെട്രോക്കുള്ളത്. 2020 എക്സ്പോയുടെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. ജപ്പാനിലെ പ്രശസ്തമായ മിത് സുബിഷി കോർപ്പറേഷൻ നേതൃത്വം നൽകുന്ന ദുബായ് റാപിഡ് ലിങ്ക് എന്ന വിവിധ കമ്പനികളുടെ കൂട്ടായ്മക്കാണ് ദുബായ് മെട്രോയുടെ നിർമാണത്തിന്റെയും, പരിപാലനത്തിന്റെയും ചുമതല.