പിസി ജോർജിന്റെ മോശം പരാമർശം: പരാതിക്കൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കൾ

കൊച്ചി: അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎയ്‌ക്കെതിരെ പരാതി നൽകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ . നിയമസഭാ സ്പീക്കർക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നൽകുമെന്ന്  ബന്ധുക്കൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമർശമാണ് നടത്തിയതെന്ന് കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു.  പിസി ജോർജിന്റെ പ്രസ്താവനയിൽ വേദനിച്ചതോടെയാണ് കന്യാസ്ത്രീകൾ മാധ്യമങ്ങളെ കാണുന്നതിൽ നിന്നും പിന്മാറിയിരുന്നു.

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു . പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നുമായിരുന്നു എന്നായിരുന്നു  പിസി ജോർജിന്റെ ആരോപണം. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവർ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയിൽ നടപടിവേണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോർജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ അവർ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോർജിന്റെ പരാമർശം.

പുരുഷന്മാരെ കുടുക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോർജ് അഭിപ്രായപ്പെട്ടു. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്.  ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാൽ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കുമെന്നും ജോർജ് പറഞ്ഞു.