ചിരന്തനയുടെ “സഹയാത്രികർക്ക് സലാം” ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: പുസ്തക രചന, പ്രസാധനം, വിതരണം , വായന എന്നിവയുടെ രാഷ്ട്രീയം സജീവമായി ചർച്ച ചെയ്യപ്പെട്ട വേദിയിൽ ചിരന്തനയുടെ മുപ്പത്തിഒന്നാമതു പുസ്തകത്തിന്റെ ഗൾഫ് പ്രകാശനം നടന്നു. ഡോ. നസീഹത്ത് ഖലാം രചിച്ച ജീവിതാനുഭവ സംബന്ധിയായ പുസ്തകം “സഹയാത്രികർക്ക് സലാം ” ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് അക്ഷരപ്രേമികളുടെ വൻ സദസ്സിനെ സാക്ഷിനിർത്തിയാണ് പ്രകാശനം ചെയ്യപ്പെട്ടത് .
എഴുത്തുകാരിൽ നിന്ന് കാശു വാങ്ങി പുസ്തകം പ്രിന്റ് ചെയ്തുകൊടുക്കുകയും അങ്ങനെ ജന ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് പ്രലോഭിപ്പിക്കുകയും ഒരു മാഫിയ പോലെ പ്രവർത്തിക്കുകയും ചെയ്യുന്ന വർത്തമാനകാല പ്രസാധക രാഷ്ട്രീയ ചൂഷണത്തിൽ നിന്ന് മുക്തമായ പ്രസ്ഥാനമാണ് യു എ ഇ യിലെ ചിരന്തനയെന്ന് ഇക്കഴിഞ്ഞ 31 പുസ്തകങ്ങളിലൂടെ ലോകത്തിന് ബോധ്യമായെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി ചടങ്ങിൽ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. സാമ്പത്തിക ലാഭം നോക്കാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നത് കൊണ്ടും യു എ ഇ എക്സ്ചേഞ്ച് എന്ന പ്രസ്ഥാനം പിന്തുണയ്‌ക്കുന്നതുകൊണ്ടുമാണ് ചിരന്തനയ്‌ക്ക് ഇത് സാധ്യമാകുന്നതെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു .
കഴിഞ്ഞമാസം കേരളത്തിൽ മന്ത്രി ഡോ .കെ ടി ജലീൽ , യുവ എഴുത്തുകാരൻ സലിൻ മാങ്കുഴിക്ക് പ്രഥമ കോപ്പി നൽകിക്കൊണ്ട് പ്രകാശനം നടത്തുകയും തുടർന്ന് ഒന്നാം എഡിഷൻ പൂർണമായും വിറ്റു പോകുകയും ചെയ്ത അക്കാഡമിക് വിഭാഗത്തിൽ വരുന്ന ഗ്രന്ഥമാണ് തിരുവനന്തപുരം പാങ്ങോട് മന്നാനിയാ കോളേജിലെ ലൈബ്രേറിയൻ ആയ ഡോ . നസീഹത്ത് ഖലാമിന്റെ പ്രഥമ കൃതിയായ “സഹയാത്രികർക്ക് സലാം “. ഡോക്ടറേറ്റിനായുള്ള ഗവേഷണവും ഹജ് കർമത്തിനായുള്ള തയ്യാറെടുപ്പുകളും പൂർത്തീകരണവും അതിനിടയിലെ വെല്ലുവിളികളുമെല്ലാം നർമത്തിന്റെ അകമ്പടിയിൽ കൂട്ടിച്ചേർത്തെഴുതിയ ജീവിതാപ്രേരക വിഭാഗത്തിലെ പുസ്തകമാണിത് .
യു എ ഇ എക്സ്ചേഞ്ച് ഇവന്റ് വിഭാഗത്തിലെ വിനോദ് നമ്പ്യാർ , സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിക്ക് കൃതി നൽകിക്കൊണ്ടാണ് ഷാർജയിൽ പ്രകാശനം നിർവഹിച്ചത് . അക്ഷരങ്ങളെ സ്നേഹിക്കുന്ന യു എ ഇ എക്സ്ചേഞ്ച് മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾക്ക് എന്നും പ്രചോദനം നൽകുമെന്ന് വിനോദ് നമ്പ്യാർ അറിയിച്ചു .
നിസാർ സെയ്‌ദ് പുസ്തകം സദസ്സിന് പരിചയപ്പെടുത്തി . പുസ്തകത്തിന്റെ പുറംചട്ട ഡിസൈൻ ചെയ്ത ക്രീയേറ്റീവ് ഡയറക്ടർ നിഷാന്ത് നാരായണനെ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൻ പൊന്നാട ചാർത്തി ആദരിച്ചു . എഴുത്തുകാരിയുടെ അസാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക- സാംസ്‌കാരിക – മാധ്യമ മേഖലകളിലെ നിരവധി പേർ പങ്കെടുത്തു . റെയിൻബോ ഗ്രൂപ്പിന്റെ കൊച്ചിൻ കായീസ് റെസ്റ്ററൻറ് സഹ പ്രയോജകരായിരുന്നു. ഇസ്മായിൽ മേലടി , രമേഷ് പയ്യന്നൂർ , അബ്ദുല്ല മല്ലിശ്ശേരി , കെ. ബാലകൃഷ്ണൻ , വി. മനോഹരൻ, റഫീഖ് മേമുണ്ട , രാഗേഷ് കണ്ണൂർ , പ്രവീൺ പാലക്കിൽ പയ്യന്നൂർ , അബ്ദുൽ അസിസ്, റീന സലിം, ഉഷ, സക്കീന , പവിത്രൻ ബാലൻ , ആമിന നിസാർ , പാങ്ങോട് എൽ എ ആമിർ എന്നിവർ സംസാരിച്ചു . ടി പി അഷ്‌റഫ് സ്വാഗതം ആശംസിച്ചു. സി .പി ജലീൽ നന്ദി പ്രകാശിപ്പിച്ചു . കൊച്ചിൻ കായീസ് റെസ്റ്റാന്റിൽ നിന്ന് ജോൺസൻ മാഞ്ഞൂരാൻ , റോയ് , മായ എന്നിവർ സംബന്ധിച്ചു .
ചിരന്തനയുടെ മുപ്പത്തിരണ്ടാമത് പുസ്തകം രമേഷ് പയ്യന്നൂരിന്റെ റേഡിയോ അനുഭവ സമാഹാരമായിരിക്കുമെന്ന് പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി ചടങ്ങിൽ സൂചിപ്പിച്ചു . പല എഴുത്തുകാരും ചിരന്തന തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനും ചടങ്ങ് സാക്ഷിയായി . എന്നാൽ പുസ്തകത്തിന്റെ മെറിറ്റ് മാത്രമാണ് തങ്ങളുടെ മാനദണ്ഡമെന്ന് പുന്നക്കൻ മുഹമ്മദലി നിലപാട് വ്യക്തമാക്കി . ദുബൈയിൽ സ്കൂളിൽ ജോലി ചെയ്യുന്ന റീന സലിം ‘സഹയാത്രികർക്ക് സലാം’ പുസ്തകത്തിൽ നിന്ന് ഊർജം സംഭരിച്ചു തന്റെ ഡോക്ടറേറ്റ് ഗവേഷണവുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചെന്ന് വേദിയിൽ പ്രഖ്യാപിച്ചത് കരഘോഷത്തോടെ സദസ്സ് ഏറ്റെടുത്തു .ചടങ്ങിന് ടി.പി.അശറഷ് സ്വാഗതവും സി.പി.ജലീൽ നന്ദിയും പറഞ്ഞു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്ക്കാര് അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന് പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ