രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയക്കാമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: രാജീവ്​ ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ വിട്ടയക്കാമെന്ന്‌ സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്​നാട് സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. സുപ്രീംകോടതി വിധിയോടെ 28 വർഷത്തെ ഇവരുടെ ജയിൽ വാസത്തിനാണ്  അന്ത്യമാകുന്നത്​.

1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു. പ്രധാനപ്രതികളായ മുരുഗന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവര്‍ നിലവില്‍ തമിഴ്​നാട്ടിലെ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാറിന്​ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ്​ വിധി.