പ്രളയക്കെടുതി: കോഴഞ്ചേരി പാലത്തില്‍ വിള്ളൽ

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ കുമ്പഴ- തിരുവല്ല പാതയിലെ കോഴഞ്ചേരി പാലത്തിന് വിള്ളൽ. പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ   പരിശോധനയിലാണ്  വിള്ളൽ കണ്ടെത്തിയത്‌.  തെടുമ്പ്രയാര്‍ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുമുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടത്.

കൂടുതൽ പരിശോധന നടത്തിയതിന് ശേഷമായിരിക്കും ബലക്ഷയത്തെ കുറിച്ച് അറിയാനാവുക. പത്തനംതിട്ടയും തിരുവല്ലയുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലം കൂടിയാണ് കോഴഞ്ചേരി പാലം. ഈ പാലം തകര്‍ന്നാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായേക്കും. പ്രളയത്തില്‍ മരങ്ങള്‍ പാലത്തില്‍ വന്ന് അടിഞ്ഞിരുന്നു. പാലത്തിന് മുകളിലും വെള്ളം കയറിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലത്തിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട്.