സാഫ് കപ്പ് : ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യക്കായി മലയാളി താരം ആഷിഖ് കരുണിയനും (35) ലാലിയൻസ്വാല ചാങ്‌തെയുമാണ് (47) ശ്രീലങ്കൻ വല കുലുക്കിയത്.

ആഷിഖിൻറെ ഗോളിൽ 35-ാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ഇന്ത്യക്ക് മുന്നിൽ ശ്രീലങ്കൻ സംഘത്തിന് മറുപടി നൽകാനായില്ല. സുമീത് പാസിയുടെ പാസ് സ്വീകരിച്ച് ആഷിഖ് പന്തുമായി ബോക്‌സിനുള്ളിൽ കയറി മനോഹരമായ ഷോട്ടിലൂടെയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചാങ്‌തെയിലൂടെ രണ്ടാം ഗോളും ഇന്ത്യ സ്വന്തമാക്കി. ഒരു മാസത്തെ വിദേശ പരിശീലനത്തിന് ശേമാണ് സാഫ് കപ്പിൽ ഇന്ത്യ ബൂട്ട് കെട്ടുന്നത്.

ഞായറാഴ്ച മാലിദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സാഫ് കപ്പിലെ പോരാട്ടം നടക്കുന്നത്. മുന്നേറ്റ നിര താരം സുമീത് പാസി ഒഴികെ അണ്ടർ 23 താരങ്ങളാണ് ഇന്ത്യൻ ടീമിൽ കളിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലെത്തും. 15ന് കലാശ പോരാട്ടം അരങ്ങേറും.