അബുദബി സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു

അബുദബി:   കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു. ഇതോടെ അബുദബിയിലേക്ക് കൂടുതല്‍ വിദേശ ടെക്കികളെത്തുമെന്നാണ് പ്രതീക്ഷ. ടെക്‌നോളജി വിഭാഗത്തിലെ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന ലൈസന്‍സിന് 2570 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ നാലു താമസ വീസയെടുക്കാനും അനുമതിയുണ്ട്.

ഇതോടൊപ്പം പ്രഫഷനല്‍ സര്‍വീസസ് സപ്പോര്‍ട്ട് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ബിസിനസ് മെച്ചപ്പെടുത്താനും പുതിയ മേഖലകളിലേക്ക് വികസിപ്പിക്കാനും പ്രാദേശിക, രാജ്യാന്തര വിദഗ്ധര്‍ ഉപദേശം നല്‍കും. നിയമ, സാമ്പത്തിക, അക്കൗണ്ടിങ്, മൂല്യവര്‍ധിത നികുതി തുടങ്ങിയ കാര്യങ്ങളിലും സഹായം ലഭ്യമാക്കും. എമിറേറ്റിന്റെ വ്യവസായ രംഗത്തിന് ഈ തീരുമാനം പുത്തനുണര്‍വ് പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്.