ശശിക്കെതിരായ പരാതി പൂഴ്ത്തിയത് മൂന്നാഴ്ച; പാർട്ടി നിലപാട് വ്യക്തമാക്കിയത് വിഷയം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ

തിരുവനന്തപുരം: ഷൊർണ്ണൂർ എംഎൽഎ പി.ശശിക്കെതിരായ ലൈംഗീകാരോപണത്തിൽ പാർട്ടിഘടകത്തിന് ലഭിച്ച പരാതി സംസ്ഥാന നേതൃത്വം പൂഴ്ത്തിയത് മൂന്നാഴ്ച. വിഷയം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് പാർട്ടി നടപടികൾ ആരംഭിച്ചത്. കൂടാതെ ഡിവൈഎഫ്‌ഐ നേതാക്കൾ എകെജി സെൻററിലെത്തി കോടിയേരിയെ കണ്ട്  പരാതിയിൽ നടപടി എടുക്കാത്തതിലുമുള്ള അമർഷം അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

പി.കെ ശശിക്കെതിരായ പരാതിയിൽ പാർട്ടി നിസംഗത പുലർത്തുന്നതിൽ ഡിവൈഎഫ്‌ഐയിൽ വ്യാപകമയ അമർഷം ഉണ്ടായിരുന്നു. വനിതാ നേതാവിന് നീതി ലഭിക്കണമെന്നും, പരാതിയിൽ പാർട്ടി അന്വേഷണം ഉണ്ടാകണമെന്നുള്ള ആവശ്യം ഡിവൈഎഫ്‌ഐയിൽ നിന്ന് ഉയർന്ന് വന്നുവെങ്കിലും സംസ്ഥാന നേതൃത്വം മൗനം തുടരുകയായിരുന്നു. അതേസമയം പി.കെ.ശശിക്കെതിരെ പാര്‍ട്ടി ജില്ലാ ഘടകത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു.

ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിക്കുമ്പോഴും വിഷയത്തില്‍ സിപിഎം ജില്ലാ ഘടകവും എംഎല്‍എയും ഒരേ പോലെ പ്രതിരോധത്തിലാണ്. പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിൽ നിന്നും നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ലെന്നും അത്തരമൊരു ചരിത്രം പാർട്ടിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ പരാതിയിൽ സംസ്ഥാനഘടകം സ്വീകരിക്കുന്ന നടപടിയെന്താണെന്ന് വ്യക്തമാക്കാൻ കൊടിയേരി തയ്യാറായില്ല.