റോഡു നിര്‍മാണം ഇനി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍: മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: സംസ്ഥാനത്ത് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ മുഴുവന്‍ റോഡുകളുടെയും പണികള്‍ ഒരുമിച്ച് ടെന്‍ഡര്‍ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പള്ളിക്കലില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ടെന്‍ഡര്‍ ചെയ്യുന്നതുമൂലം നിര്‍മാണം ആരംഭിക്കാനുള്ള കാലതാമസം ഒഴിവാകും. അറ്റകുറ്റപണികളും ഇതേരീതിയില്‍ ടെന്‍ഡര്‍ ചെയ്യും.
പ്രളയത്തില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശമുണ്ടായതിലൂടെ 10000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായതാണ് പ്രാഥമിക വിലയിരുത്തല്‍. ഇടുക്കി ഭാഗത്തെ റോഡുകളുടെ നാശനഷ്ടം കൂടി കണക്കാക്കാനുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും റോഡുകള്‍ പുനര്‍നിര്‍മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം മൂലം തകര്‍ന്ന മുഴുവന്‍ റോഡുകളും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഒരേസമയം ടാറിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു.