റെയിൽവെ കോച്ചുകളിൽ ഇനി റിസർവേഷൻ ചാർട്ടില്ല

ഡൽഹി: ദീർഘദൂര ട്രെയിനുകളിലെ കോച്ചുകളിൽ റിസർവേഷൻ ചാർട്ട് ഇനി ഉണ്ടാകില്ല. പകരം റെയിൽവെ പ്ലാറ്റഫോമുകളിലെ ബോർഡുകളിൽ ചാർട്ട് പ്രദർശിപ്പിക്കുന്നത് തുടരും. റെയിൽവേ കൂടുതൽ പരിസ്ഥിതി സൗഹാർദമാകുന്നതിനായി പേപ്പറിന്റെ ഉപയോഗം കുറക്കുക എന്ന് ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.
റെയിൽവേയുടെ പേപ്പർ ടിക്കറ്റുകളുടെ ഉപയോഗത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ദിനംപ്രതി രാജ്യത്ത് വിൽക്കപ്പെടുന്നപതിനൊന്ന് ലക്ഷം ടിക്കറ്റുകളിൽ എഴുപത് ശതമാനം ടിക്കറ്റുകളും വിൽക്കപ്പെടുന്നത് ഓൺലൈൻ ടിക്കറ്റുകളാണ്. എസി കോച്ചുകളിലെ റിസർവേഷൻ ചാർട്ട് ഓഴിവാക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയം വിവിധ സോണുകൾക്ക് നിർദേശം നൽകിയിരുന്നു. ന്യൂഡൽഹി, നിസ്സാമുദീൻ,ചെന്നൈ സെൻട്രൽ, മൂംബൈ സെൻട്രൽ, മൂംബൈ സി.എസ്.ടി, ഹൌറ എന്നീ സ്‌റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന ട്രയിനുകളിൽ ഇതിനോടകം ചാർട്ടുകൾ ഒട്ടിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. സൗത്ത് വെസ്‌റ്റേൺ റെയിൽവേയിൽ ബംഗലൂരു ഡിവിഷനിലെ ട്രെയിനുകളിൽ 2016ൽ തന്നെ റിസർവേഷൻ ചാർട്ടുകൾ ഒഴിവാക്കിയിരുന്നു.